സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

അഹം

നമുക്കിടയിലെ 
എല്ലാ ഘോഷങ്ങളും 
തകര്‍ന്നു വീണിരിക്കുന്നു.
വാതില്‍ തുറക്കുക.
യുഗങ്ങളുടെ 
പുതുമകളുമായെത്തിയ
ദൂതന്‍മാരെ
എതിരേല്‍ക്കുക.
പിന്നെ 
സ്വന്തം 
ശരകൂടത്തിലെക്കുള്‍വലിയുക.
നിര്‍വൃതിയുടെ
ഉദാത്ത ശാന്തതയില്‍
അലിഞ്ഞു ചേരുക.

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

യാത്രാമാഴി

കാലത്തിന്‍റെ മണല്‍ക്കാടുകളിലൂടെ
നടന്നു നീങ്ങുന്ന
സാര്‍ത്ഥവാഹകസംഘങ്ങള്‍ക്കൊപ്പം
എന്നെ കാണുകയാണെങ്കില്‍
തുറിച്ചു നോക്കുക,
നമ്മള്‍
ഇതിനുമുമ്പ് ഒരിക്കലും
കണ്ടുമുട്ടിയിട്ടില്ലാത്തതുപോലെ.
തൊട്ടുരുമ്മിക്കടന്നുപോകുന്ന
യാത്രികര്‍ക്കിടയില്‍
നീ
അപരിചിതനെപ്പോലെ
നടക്കുക.
ഭൂതകാലങ്ങളില്‍നിന്നും
ഇവിടെ എത്തിയ
നിന്‍റെ
യാത്രകളുടെ
ഓര്‍മച്ചിത്രങ്ങളായ
നീ
താലോലിക്കുന്ന
ചിത്രാവലികള്‍ക്കിടയില്‍
എന്നെക്കാണുമ്പോള്‍
നിന്‍റെ
ഉള്‍ച്ചുമരുകളില്‍ കോറിയിട്ട
ചിത്രചാരുതകളിലേക്ക്
പുതുമകളോടെ
ഉള്‍വലിയുക.
ഞാന്‍
പൊട്ടിച്ചിരിക്കുമ്പോള്‍
സ്നേഹിക്കുന്നുവെന്ന്
നീ കരുതുന്ന
സഹയാത്രികരുടെ
ചെവികളില്‍
പരിഹാസ്യ മന്ത്രങ്ങള്‍
ചൊരിയുക.
പൊള്ളുന്ന വെയിലില്‍
സ്വന്തം നിഴലുകളിലേക്ക്
നീ യാത്രയാവുക.
അടര്‍ന്നു വീഴുന്ന
പെരുമാഴക്കാലങ്ങളില്‍
ശീലക്കുടയുടെ
നിസ്സംഗ സാന്ത്വനങ്ങള്‍ക്ക് താഴെ
നീ കൈ വീശി നടന്നുപോകുക.
അത് 
നിന്നെ വ്യാകുലപ്പെടുത്തുന്നില്ലെന്നപോലെ.
മഞ്ഞിന്‍റെ
മരവിപ്പുകളില്‍
സ്വന്തം മനസ്സ് കണ്ടെത്തുക.
എന്‍റെ പാട്ടുകള്‍
ഹംസഗാനങ്ങളെന്നറിയുമ്പോള്‍ 
ആര്‍പ്പുവിളിച്ചു
പ്രോത്സാഹിപ്പിക്കുക!                    
ഞാനൊരു
നിഴല്‍ച്ചിത്രമെന്നറിയുമ്പോള്‍,
ഇരുട്ടുകൊണ്ടെന്നെപ്പൊതിയുക.
പിന്നെ
എനിക്ക് ദാഹിക്കുമ്പോള്‍
ഓര്‍മകളുടെ
മെലിഞ്ഞ നീരുറവകളായി
എന്നില്‍ നിന്നൊലിച്ചുപോവുക.
*********************************
ഇനി നമുക്ക് വേറിട്ടൊഴുകാം.
നീ പുതിയ
കാലങ്ങളെ
നിര്‍വൃതിയുടെ
വിഹഗഗീതങ്ങളാലെതിരേല്‍ക്കുക.

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

കിന്‍റാ ലിബുവ

മണിയടിച്ചു 
കുട്ടികള്‍ ക്ലാസ്സില്‍ കയറി 
ടീച്ചര്‍ ഹാജര്‍ വിളിച്ചു:
മറിയാ ഇന്വാലിഡ്‌ ‌ 
പരാലാ പാസ്ടഗെ
ഹാര്‍കല്‍ പാതൃയോറ്റ്‌
രന്‍ഗിതാ മേനോന്‍ 
കിന്‍റാ ലിബുവ 
ഹാജര്‍ വിളികളുടെ
ആരവം നിലച്ചു 

ക്ലാസ്സ് പെട്ടെന്ന് നിശ്ശബ്ദമായി.

കിന്‍റാ ലിബുവയെ 
കണ്‍ടവര്‍ ആരുമില്ല.
എണ്ണമറ്റ കാക്കപ്പുള്ളികള്‍ക്കിടയില്‍നിന്ന് 
രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു
നമ്മുടെ കിന്‍റാ ലിബുവ.

കാക്കപ്പുള്ളി വേണോ?
കിന്‍റാ ലിബുവ വേണോ?
വിദേശത്തു നിന്നും 
ആരോ കൊണ്ടുവന്ന സാരിയില്‍ പൊതിഞ്ഞ
ക്ലാസ്സ് ടീച്ചര്‍
മിസ്സിസ് പര്‍തോന്‍ കാതെയുടെ 
പരിഭ്രമം 
പാളത്താറും ഓവര്‍ക്കോട്ടുമിട്ട
പ്രധാനാദ്ധ്യാപകന്‍
അനന്തരാമയ്യരും 
പങ്കുവെച്ചു.
"എ ബ്ലാക്‌മോള്‍ ഓണ്‍ ദി ലെഫ്ട്ട് ചീക്."

മുടി മുതല്‍ അടി വരെ
എല്ലാവരുടെയും മനസ്സില്‍ 
കിന്‍റാ ലിബുവ 
ഒരു കാക്കപ്പുള്ളിയായി കിടന്നു,
കാക്കപ്പുള്ളി മാത്രം!
കോണ്‍വെന്‍റിന്‍റെ
നടുമുറ്റത്തും
ചുമരുകളിലും 
നിറയേ കാക്കപ്പുള്ളികള്‍!
"മാര്‍ത്ത കോഞ്ഞ്യാക്."
"ആലീസ് ഇമ്മക്കുലാറ്റ്."
-മിസ്സ്‌ കോണ്‍വെന്‍റ." 
"സാറാ സ്വയംപ്രഭ."
"സ്വാമി  ലക്ഷ്മീഅയ്യര്‍."
കിന്‍റാ ലിബുവ മാത്രമില്ല!

എങ്ങിനെ 
നമ്മുടെ റിസള്‍ട്ട്‌
നൂറു ശതമാനമാക്കും!

ഇഷ്ടദാനം

ആകാശത്തേക്ക് 
നൂറുവട്ടം വെടിവെച്ചിട്ടും
അയാള്‍ ഉണരാന്‍ 
കൂട്ടാക്കിയില്ല.
എണ്ണവിളക്കിന്‍റെ
അരണ്ട വെളിച്ചത്തില്‍ 
കണ്ണുമടച്ചു 
വാശി പിടിച്ചിരുന്നു .
ക്ഷമകെട്ട വെടിക്കാരന്‍ 
തന്‍റെ കതിനക്കുറ്റികളും
പണവും 
സാധുക്കള്‍ക്ക് വിതരണം ചെയ്തു.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

വര്‍ണങ്ങള്‍

ഭാരതം 
വര്‍ണങ്ങളുടെ ഭൂമിക.
മഞ്ഞുകട്ടകള്‍ക്ക് 
മുറിവേല്‍ക്കുമ്പോള്‍
കല്‍പ്രതിമകള്‍
മിഴി തുറക്കുമ്പോള്‍ 
തിരമാലകള്‍ 
തേഞ്ഞ ചരല്‍ക്കല്ലുകളില്‍ 
തണുത്തുറഞ്ഞ 
മരവിപ്പുകള്‍ മാത്രം 
ജീവിതത്തിന്‍റെ നിധികളായി
നിക്ഷേപിക്കുമ്പോള്‍ 
നാം 
വര്‍ണങ്ങള്‍ 
ചാലിച്ചുകൊണ്ടേയിരിക്കുന്നു.

സാക്ഷി

മഴ കുത്തിയൊലിച്ചു
നീര്‍ച്ചാലുകളായൊഴുകി.
സുഖമുള്ള കുളിരില്‍ ,
വെളിച്ചം നഷ്ടപ്പെട്ട ഇരുട്ടിനെ കെട്ടിപ്പിടിച്ചു ,
കാഴ്ചകളുടെ ബദ്ധപ്പാടുകളില്ലാതെ,
ഒന്ന് നീണ്ടു നിവര്‍ന്നു കിടന്നതു 
അപ്പോളായിരുന്നു.
വേരുകളെന്നിലാഴ്ത്തി 
ആരുടെയൊക്കെയോ സങ്കടങ്ങള്‍ 
ഊറ്റി വലിച്ചെടുത്തു
ഒരു ദുഃഖമരം
ഒരു വശത്ത്‌.
നനഞ്ഞ രാത്രിയുടെ തിടുക്കം പോലെ
അവസാനത്തെ തീപ്പൊരികള്‍
പുറത്തേക്കു തുപ്പിക്കൊണ്ടിരുന്ന 
ചക്രവണ്ടിയിലെ
ചായപ്പാത്രത്തിനടിയിലെ 
മരിച്ചുകൊണ്ടിരുന്ന തീനാളങ്ങള്‍
മറുവശത്ത്‌.
അപ്പോള്‍ 
മഴയില്‍ക്കുളിച്ചൊരുവണ്ടി
എന്‍റെ നെഞ്ചിലൂടെ
ധൃതിപിടിച്ചു കടന്നുപോയി.

എന്‍റെ അമ്മ

വീട്ടിലേക്കു മടങ്ങവേ 
അലഞ്ഞു നടക്കുന്ന 
മഴമേഘങ്ങള്‍ 
എന്നെ 
അടിമുടി നനച്ചു:
'ഒരു കുടയെടുക്കാമായിരുന്നില്ലെ?'
ഏട്ടന്‍ ചൊടിച്ചു.
'തോരുന്നതുവരെ കാക്കാമായിരുന്നില്ലേ?'
ഓപ്പോളുടെ ശബ്ദം
ആലിപ്പഴംപോലെ 
വീണു ചിതറി.
'ജലദോഷം പിടിക്കട്ടെ,
അപ്പക്കാണാം.'
അച്ഛന്‍റെ അട്ടഹാസം.
ശാപവാക്കുകള്‍ക്കിടയില്‍
തല തോര്‍ത്തിത്തന്നു
അമ്മയും ശപിച്ചു
"വല്ലാത്ത മഴ."

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ശവസംസ്കാരപ്രസംഗം

ഒരിക്കല്‍ 
ഒരു നായ 
ഒരു വന്‍മതിലില്‍
മൂത്രമൊഴിക്കുകയായിരുന്നു.
മതിലിടിഞ്ഞു വീണു
നായ മരിച്ചു.
പാവം നായ!
ചടങ്ങുകള്‍ ഒക്കെക്കഴിഞ്ഞു.
തീജ്വാലകള്‍ ഉയര്‍ന്നു പൊങ്ങവേ 
എല്ലാവരും വട്ടമിട്ടിരുന്നു 
ഉച്ചത്തിലാക്രോശിച്ചു:
"നമുക്കൊരരക്കാല്‍ പിന്തുണ നല്‍കാം,
സദാചാരം
കാത്തുസൂക്ഷിക്കാം."

പൂര്‍ണത


ഞാന്‍ 
ഈ ശ്രീകോവിലില്‍ 
എത്രകാലമായി 
തപസ്സിരിക്കുന്നു,
നിന്‍റെ വരവും കാത്ത്!
നമ്മുടെ ജയദേവര്‍
എന്നും
എനിക്കുവേണ്ടി
പാടുമത്രെ,
ദാ,ഇവിടെ
ഈ കരിങ്കല്‍പ്പടവുകളുടെ താഴെ
ഇടതുവശത്ത് നിന്നുകൊണ്ട്‌.
എന്‍റെ പ്രിയപ്പെട്ട മീരാ,
ഞാന്‍ കേള്‍ക്കാറില്ല.
അര്‍ജുന്‍ പറഞ്ഞതാണ്‌.
പക്ഷെ,
മീരാ,
നീയൊന്നുതൊട്ടതും
ഞാന്‍ പൂര്‍ണനായി.