സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

യാത്രാമാഴി

കാലത്തിന്‍റെ മണല്‍ക്കാടുകളിലൂടെ
നടന്നു നീങ്ങുന്ന
സാര്‍ത്ഥവാഹകസംഘങ്ങള്‍ക്കൊപ്പം
എന്നെ കാണുകയാണെങ്കില്‍
തുറിച്ചു നോക്കുക,
നമ്മള്‍
ഇതിനുമുമ്പ് ഒരിക്കലും
കണ്ടുമുട്ടിയിട്ടില്ലാത്തതുപോലെ.
തൊട്ടുരുമ്മിക്കടന്നുപോകുന്ന
യാത്രികര്‍ക്കിടയില്‍
നീ
അപരിചിതനെപ്പോലെ
നടക്കുക.
ഭൂതകാലങ്ങളില്‍നിന്നും
ഇവിടെ എത്തിയ
നിന്‍റെ
യാത്രകളുടെ
ഓര്‍മച്ചിത്രങ്ങളായ
നീ
താലോലിക്കുന്ന
ചിത്രാവലികള്‍ക്കിടയില്‍
എന്നെക്കാണുമ്പോള്‍
നിന്‍റെ
ഉള്‍ച്ചുമരുകളില്‍ കോറിയിട്ട
ചിത്രചാരുതകളിലേക്ക്
പുതുമകളോടെ
ഉള്‍വലിയുക.
ഞാന്‍
പൊട്ടിച്ചിരിക്കുമ്പോള്‍
സ്നേഹിക്കുന്നുവെന്ന്
നീ കരുതുന്ന
സഹയാത്രികരുടെ
ചെവികളില്‍
പരിഹാസ്യ മന്ത്രങ്ങള്‍
ചൊരിയുക.
പൊള്ളുന്ന വെയിലില്‍
സ്വന്തം നിഴലുകളിലേക്ക്
നീ യാത്രയാവുക.
അടര്‍ന്നു വീഴുന്ന
പെരുമാഴക്കാലങ്ങളില്‍
ശീലക്കുടയുടെ
നിസ്സംഗ സാന്ത്വനങ്ങള്‍ക്ക് താഴെ
നീ കൈ വീശി നടന്നുപോകുക.
അത് 
നിന്നെ വ്യാകുലപ്പെടുത്തുന്നില്ലെന്നപോലെ.
മഞ്ഞിന്‍റെ
മരവിപ്പുകളില്‍
സ്വന്തം മനസ്സ് കണ്ടെത്തുക.
എന്‍റെ പാട്ടുകള്‍
ഹംസഗാനങ്ങളെന്നറിയുമ്പോള്‍ 
ആര്‍പ്പുവിളിച്ചു
പ്രോത്സാഹിപ്പിക്കുക!                    
ഞാനൊരു
നിഴല്‍ച്ചിത്രമെന്നറിയുമ്പോള്‍,
ഇരുട്ടുകൊണ്ടെന്നെപ്പൊതിയുക.
പിന്നെ
എനിക്ക് ദാഹിക്കുമ്പോള്‍
ഓര്‍മകളുടെ
മെലിഞ്ഞ നീരുറവകളായി
എന്നില്‍ നിന്നൊലിച്ചുപോവുക.
*********************************
ഇനി നമുക്ക് വേറിട്ടൊഴുകാം.
നീ പുതിയ
കാലങ്ങളെ
നിര്‍വൃതിയുടെ
വിഹഗഗീതങ്ങളാലെതിരേല്‍ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ