സ്പര്‍ശം

ഇത് ചില്ലുകള്‍.
എത്ര മറച്ചു പിടിച്ചാലും
മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍.
വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍.
വല്ലാതെ അമര്‍ത്തി എഴുതല്ലേ!

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

സാക്ഷി

മഴ കുത്തിയൊലിച്ചു
നീര്‍ച്ചാലുകളായൊഴുകി.
സുഖമുള്ള കുളിരില്‍ ,
വെളിച്ചം നഷ്ടപ്പെട്ട ഇരുട്ടിനെ കെട്ടിപ്പിടിച്ചു ,
കാഴ്ചകളുടെ ബദ്ധപ്പാടുകളില്ലാതെ,
ഒന്ന് നീണ്ടു നിവര്‍ന്നു കിടന്നതു 
അപ്പോളായിരുന്നു.
വേരുകളെന്നിലാഴ്ത്തി 
ആരുടെയൊക്കെയോ സങ്കടങ്ങള്‍ 
ഊറ്റി വലിച്ചെടുത്തു
ഒരു ദുഃഖമരം
ഒരു വശത്ത്‌.
നനഞ്ഞ രാത്രിയുടെ തിടുക്കം പോലെ
അവസാനത്തെ തീപ്പൊരികള്‍
പുറത്തേക്കു തുപ്പിക്കൊണ്ടിരുന്ന 
ചക്രവണ്ടിയിലെ
ചായപ്പാത്രത്തിനടിയിലെ 
മരിച്ചുകൊണ്ടിരുന്ന തീനാളങ്ങള്‍
മറുവശത്ത്‌.
അപ്പോള്‍ 
മഴയില്‍ക്കുളിച്ചൊരുവണ്ടി
എന്‍റെ നെഞ്ചിലൂടെ
ധൃതിപിടിച്ചു കടന്നുപോയി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ